Saturday, June 30, 2007

മുത്ത്‌ പോലൊരു മാനേജര്‍..

പണ്ട്‌ പ്രീ ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണു ഞാന്‍ ആദ്യമായി താടി വെച്ചുനോക്കുന്നത്‌..കണ്ണാടി നോക്കിയപ്പൊ എനിക്ക്‌ എന്നോടു തന്നെ ഒരഭിമാനമൊക്കെ തോന്നി..സംഭവം കൊള്ളാം..സ്വതവെ ഇച്ചിരിക്കോളം പോന്ന എന്റെ മോന്തായത്തില്‍ താടി വന്നപ്പൊ എന്തെന്നില്ലാത്ത ഒരാഹ്ലാദം.....അതില്‍പ്പിന്നെ ഞാനൊരിക്കലും താടി വടിക്കാന്‍ ബുദ്ധിമുട്ടാറില്ല(അസൂയക്കാര്‍ എന്റെ മടി കൊണ്ട്‌ ആണെന്നു പറയും-സാധനങ്ങള്‍)......
ആ എന്റെ അടുത്താണ്‌ അങ്ങേരുടെ ഒരു ഉപദേശം..താടി മാര്‍ക്കറ്റിങ്ഗ്‌ എക്സിക്ക്യുട്ടീവുകള്‍ക്ക്‌ ചേരില്ലത്രേ...അയ്യൊ അങ്ങേരെപറ്റി പറയാന്‍ മറന്നുപോയി..അങ്ങേരാണു നമ്മുടെ കഥാനായകന്‍-മൂപ്പന്‍..മൂപ്പന്‍ എന്നു വെച്ചാല്‍ മലയാളത്തില്‍ മാനേജര്‍ എന്നാണ്‌ അര്‍ഥം..പുഴുക്കുത്തേറ്റ പാവയ്ക്കാ പോലെ മുഖമുള്ള ഒരു മനുഷ്യന്‍..ഇക്കിളിയാക്കിയാ പോലും പുള്ളിക്കാരന്‍ ചിരിക്കത്തില്ല കേട്ടൊ..എയറുപിടുത്തം എന്നൊക്കെ പറഞ്ഞാ..തള്ളേ..ഇതാണ്‌ സാധനം...പഞ്ചാബിലെ ആളുകളെല്ലാം കൂടി പുള്ളിയെ ദുഫായിലോട്ടു നാടു കടത്തിയതാണെന്നാണ്‌ കേട്ടുകേള്‍വി...വെളുപ്പിന്‌ എട്ടു മണിക്കു വന്നാല്‍ രാത്രി പതിനൊന്നു മണിക്കെ വീട്ടിലെത്തൂ...ഇടക്ക്‌ വീട്ടുകാരെങ്ങാന്‍ അബധത്തില്‍ വിളിച്ചു പോയാല്‍ പഞ്ചാബിയിലുള്ള മൊത്തം തെറിയും നമ്മള്‍ കേള്‍ക്കേണ്ടി വരും..
അങ്ങനെ ഞാനും എന്റെ മാനേജരും പുട്ടും തേങ്ങാപ്പീരയും പോലെ ഇരിക്കുന്ന സമയത്താണ്‌ ഏതോ ഒരു കസ്റ്റമര്‍ അലുമിനിയത്തിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വിലയും ചോദിച്ച്‌ എന്നെ ഫോണ്‍ വിളിക്കുന്നത്‌..ആദ്യമായി അറ്റെന്‍ഡ്‌ ചെയ്യുന്ന ഒരു ഫോണ്‍ കാള്‍ ആണ്‌..അപ്പൊ തന്നെ ബിസിനസ്സ്‌ പിടിച്ച്‌ കളയാമെന്നും,ആ വഴി 'പഞ്ഞാബി മൂപ്പനെ' ഒന്നു ഞെട്ടിക്കാമെന്നും ഒക്കെ ഞാന്‍ സ്വപ്നം കണ്ടു..അതുകൊണ്ടുതന്നെ 15.5 ദിര്‍ഹത്തിന്‌ കൊടുക്കുന്ന സാധനം ഞാന്‍ 15.4 ദിര്‍ഹത്തിന്‌ തരാമെന്നു അയാളോട്‌ പറഞ്ഞു..ആദ്യ കാളില്‍ തന്നെ ബിസിനസ്സ്‌ പിടിച്ച ഗമയില്‍ ഞാന്‍ ഒന്നു ഞെളിഞ്ഞു നിവര്‍ന്നിരുന്നു..ഗുജറാത്തിയും ഒപ്പം മഹാകത്തിയുമായ എന്റെ അസിസ്റ്റന്റിനോട്‌ നാലു വല്ല്യ ഡയലോഗും കാച്ചി..അതാ വരുന്നു വീണ്ടും ഒരു കാള്‍..ഞാന്‍ ഒറപ്പിച്ചു...'ഇന്നെന്റെ ദിവസം തന്നെ..ഞാന്‍ ഒരു കലക്ക്‌ കലക്കും'.ആര്‍ത്തിയോട്‌ കൂടി തന്നെ ഞാന്‍ ഫോണ്‍ ചാടിയെടുത്തു...അപ്പുറത്ത്‌ നിന്നുള്ള ശബ്ദം കേട്ടപ്പോ ഞാന്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നുപോയി..നമ്മുടെ മൂപ്പന്‍...പുള്ളി ആകെ കലുപ്പിലാണ്‌..ഒരു കസ്റ്റമര്‍ വിളിച്ചില്ലേ എന്നും ഞാന്‍ എന്തു പറഞ്ഞെന്നും പുള്ളി വളരെ കലുപ്പോടെ തന്നെ ചോദിച്ചു...സത്യം പറയാമല്ലൊ..എന്റെ കിളി പോയി..15.4 എന്ന് പറഞ്ഞാല്‍ ഫോണിലൂടെ അങ്ങേരെന്നെ പഞ്ഞാബി ഹൊറര്‍ സിനിമയുടെ ഡയലര്‍ടോണ്‍ കേള്‍പ്പിക്കും..നുണദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു..15.5!!..ഞാന്‍ പ്രതീക്ഷിച്ച പോലെയേ ആയിരുന്നില്ല പുള്ളിയുടെ മറുപടി..അതിലും വളരെ ഭീകരമായിരുന്നു!!!ലോകത്തുള്ള സകലമാന തെറികളും അങ്ങേരുടെ വായില്‍നിന്നു ധാരധാരയായി ഒഴുകി...അപ്പൊ എന്റെ മോന്തയുടെ ലുക്ക്‌ ആന ചവുട്ടിയ അലുമിനിയം പാത്രം പോലെ ആയിരുന്നു..സംഭവം എന്തായിരുന്നെന്നോ...നമ്മുടെ കസ്റ്റമര്‍(തീരെ ആര്‍ത്തി ഇല്ലാത്ത പാവങ്ങള്‍)പുള്ളിയേയും വിളിച്ചിരുന്നു..ഇനിയും വില കൊറക്കുമെന്നു പ്രതീക്ഷിച്ച്‌..ബാക്കി പറയണ്ടല്ലോ....ഏഷ്യാനെറ്റ്‌ പ്ലസിന്റെ പരസ്യവാചകം പോലെയായി കാര്യങ്ങള്‍..'ആഘോഷിക്കൂ ഓരോ നിമിഷവും'!!!

മൂപ്പന്റെ കൂടുതല്‍ വിശേഷങ്ങളുമായി പോരാട്ടങ്ങള്‍ തുടരും...

2 comments:

ഇളംതെന്നല്‍.... said...

വിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ....

ബീരാന്‍ കുട്ടി said...

വിവരണം കുറച്ച്ക്കൂടി ആ തൃശൂര്‌ സ്റ്റൈലില്‌ പോരട്ടെട്ടാ, ന്നാലെ ഒരു രസള്ളൂ, എന്തുട്ടാ രന്‍ജിത്തെ മിഴിച്ച്‌ നോക്കണെ. കാലക്കിണ്ട്രാന്ന് പറഞ്ഞാ അത്‌ ഇത്രി അതികാവുംട്ടാ.